The Revaluation and Scrutiny result of the Higher Secondary Second year (Plus Two) March 2016 has been published
Search Box- ഈ ബോക്സിൽ ആവശ്യമുള്ള ഉത്തരവുകൾ ടൈപ്പ് ചെയ്യു....
ghsmuttomblog.. Search for GOs in related websites here..
സിലബസ്  ഇല്ലാത്ത  ചില  പാഠങ്ങള്‍ 
ജോലിസ്ഥലത്തെ ടെന്‍ഷന്‍മൂലം ആത്മഹത്യ ചെയ്യുന്ന പ്രധാനാധ്യാപകരുടെ എണ്ണം കൂടിക്കൂടി വരുന്ന കാലഘട്ടമാണിത്. അമിതമായ ജോലിഭാരവും ശക്തമായ മാനസിക പിരിമുറുക്കവും അനുഭവിക്കുന്ന വിഭാഗമാണു കേരളത്തിലെ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍. അവരുടെ സങ്കടങ്ങളും നിസ്സഹായതയും മനസ്സിലാക്കാന്‍ ആരും തയാറാകുന്നില്ല എന്നതു ഖേദകരമാണ്. ഒരു വിദ്യാര്‍ഥിയുടെ ജീവിതത്തിലെ ഏറ്റവും നിര്‍ണായക കാലഘട്ടമായ പ്ലസ് ടു പഠനകാലത്തെ ശരിയായ ലക്ഷ്യബോധത്തോടെയും നന്മയുടെ പാതയിലൂടെയും തിരിച്ചുവിടേണ്ട സമയത്ത് അതിനു വേണ്ടത്ര ശ്രദ്ധ കൊടുക്കാനോ അവരുടെ കൌമാരപ്രായത്തെ വേണ്ട രീതിയില്‍ മനസ്സിലാക്കി സഹായിക്കാനോ അമിതമായ ജോലിഭാരം കാരണം പ്രിന്‍സിപ്പല്‍മാര്‍ക്കു കഴിയാതെ പോകുന്നു.

കൌമാര പ്രായക്കാരായ 60 കുട്ടികള്‍ വീതം ഒാരോ പ്ലസ് ടു ബാച്ചിലും പഠിക്കുന്നു. ടീച്ചിങ് പ്രിന്‍സിപ്പലായതിനാല്‍ മറ്റ് അധ്യാപകരെപോലെതന്നെ എല്ലാ പീരിയഡിലും ക്ളാസ് എടുക്കണം. അഞ്ഞൂറിലധികം കുട്ടികള്‍ പഠിക്കുന്ന ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒരു ക്ളാര്‍ക്കോ പ്യൂണോ ഇല്ല. തന്മൂലം അധ്യാപകന്‍, ക്ളാര്‍ക്ക്, പ്യൂണ്‍ എന്നീ തലങ്ങളിലുള്ള മുഴുവന്‍ ജോലികളും പ്രിന്‍സിപ്പല്‍ ഒറ്റയ്ക്കു ചെയ്യണം. ഒന്‍പതുമുതല്‍ 4.45 വരെയാണു സ്കൂള്‍ സമയമെങ്കിലും പ്രിന്‍സിപ്പല്‍ രാവിലെ നേരത്തേതന്നെ എത്തണം. ഒാഫിസും ക്ളാസ്മുറികളും തുറക്കണമല്ലോ. വളരെ വൈകി മാത്രമേ തിരിച്ചുപോകാന്‍ കഴിയൂ. അത്യാവശ്യ ഒാഫിസ് ജോലികള്‍ തീര്‍ത്ത് മുറികളും
ഒാഫിസും പൂട്ടണം. തീരാത്ത ഫയലുകള്‍ വീട്ടില്‍ കൊണ്ടുപോയി നോക്കണം. ശനിയാഴ്ച ക്ളാസില്ലാത്തതിനാല്‍ അധ്യാപകര്‍ വരേണ്ടതില്ലെങ്കിലും പ്രിന്‍സിപ്പല്‍മാര്‍ക്ക് അവധി ബാധകമല്ല.

എസ്എസ്എല്‍സി റിസല്‍ട്ട് പ്രഖ്യാപിച്ചു കഴിഞ്ഞാലുടന്‍തന്നെ പ്ലസ് വണ്‍ അഡ്മിഷന്‍ പ്രക്രിയ ആരംഭിക്കുകയായി. ഒാണ്‍ലൈന്‍ റജിസ്ട്രേഷന്‍ ആക്കിയിട്ടും ബുദ്ധിമുട്ടുകള്‍ കുറയുന്നില്ല. സ്കൂളില്‍ അപേക്ഷകര്‍ സമര്‍പ്പിക്കുന്ന പ്രിന്റ്ഒൌട്ടില്‍ ധാരാളം തെറ്റുകള്‍ ഉണ്ടാകുന്നതിനാല്‍ അതു തിരുത്തേണ്ട ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണ്. അധ്യാപകര്‍ ആ സമയത്തു മൂല്യനിര്‍ണയ ക്യാംപുകളിലായിരിക്കും. ഏകജാലകപ്രകാരമുള്ള പ്രവേശന പ്രക്രിയ തുടരുകയും അഡ്മിഷന്‍ പൂര്‍ത്തിയാക്കുകയും ചെയ്യുമ്പോള്‍ മാസങ്ങള്‍ കഴിയും.

ജൂണ്‍ മാസത്തെ പ്ലസ് ടു സേ പരീക്ഷ, ഒാഗസ്റ്റിലെ പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ എന്നിവയുടെയെല്ലാം പ്രധാന ഉത്തരവാദിത്തം പ്രിന്‍സിപ്പലിനാണ്. അധ്യാപകന്‍ ഇതിന്റെ മൂല്യനിര്‍ണയത്തിനായി പോകുമ്പോള്‍ ക്ളാസുകള്‍ മുടക്കം കൂടാതെ നടത്തിക്കൊണ്ടുപോകണം. കൂടാതെ ഒാണം-ക്രിസ്മസ് മോഡല്‍ പരീക്ഷകള്‍, പ്രാക്ടിക്കല്‍, പൊതുപരീക്ഷ എന്നിവയെല്ലാം പ്രിന്‍സിപ്പല്‍ നടത്തണം. ഇതിനിടയില്‍ ധാരാളം ക്ളാസ് ദിനങ്ങള്‍ പൊതുഅവധിമൂലവും അപ്രതീക്ഷിത അവധികള്‍മൂലവും നഷ്ടപ്പെടും. അധ്യാപകര്‍ക്കുള്ള കോഴ്സുകളും മൂല്യനിര്‍ണയവുംമൂലം കുട്ടികളുടെ ക്ളാസില്‍ ആളില്ലാത്ത അവസ്ഥയും വന്നുചേരും. ഇവിടെയും ഒറ്റമൂലി പ്രിന്‍സിപ്പല്‍തന്നെ. ഇതിനു പുറമെ വിവിധ തലങ്ങളിലുള്ള കലോല്‍സവങ്ങളും കായികമേളകളും നടക്കേണ്ടതുണ്ട്. കൂടാതെ സബ്ജില്ലാ, ജില്ലാതല മേളകള്‍ക്കും കലോല്‍സവങ്ങള്‍ക്കുമായി സ്കൂള്‍ വേദിയൊരുക്കുമ്പോള്‍ പ്രിന്‍സിപ്പല്‍ ജനറല്‍ കണ്‍വീനറായി കാര്യങ്ങളുടെ നേതൃത്വം ഏറ്റെടുക്കേണ്ടിവരുന്നു.

സര്‍ക്കാര്‍തലത്തിലും വകുപ്പുതലത്തിലും വരുന്ന സര്‍ക്കുലറുകള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കേണ്ടതും പ്രിന്‍സിപ്പല്‍തന്നെ. പരീക്ഷാവേളകളില്‍ തന്റേതല്ലാത്ത കുറ്റംകൊണ്ട് എന്തെങ്കിലും പിഴവു സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്തവും ശിക്ഷാ നടപടികളും പ്രിന്‍സിപ്പല്‍ നേരിടണം. സര്‍ക്കാര്‍ സ്കൂളുകളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തവും മേല്‍നോട്ടവും പ്രിന്‍സിപ്പല്‍ ഏറ്റെടുക്കണം. പൊതുപരിപാടികള്‍ക്കും ചടങ്ങുകള്‍ക്കും സ്കൂളിനെ ഉപയോഗിക്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്തവും ഏറ്റെടുക്കണം. കുട്ടികളുടെ അച്ചടക്കം നിലനിര്‍ത്താനും ചില കുട്ടികളുടെ ഗൌരവമേറിയ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാനും പ്രിന്‍സിപ്പല്‍ സമയം കണ്ടെത്തണം. കൂടെക്കൂടെ പിടിഎ എക്സിക്യൂട്ടീവ് മീറ്റിങ്ങുകളും ജനറല്‍ബോഡിയും ചേരണം. മുഴുവന്‍ സമയം ക്ളാസെടുക്കേണ്ട പ്രിന്‍സിപ്പല്‍ സമയത്തുതന്നെ പാഠഭാഗങ്ങള്‍ തീര്‍ത്തു കുട്ടികളെ തങ്ങളുടെ വിഷയത്തില്‍ പരീക്ഷയ്ക്കായി ഒരുക്കണം.

സ്കൂളിന്റെ ഭരണകാര്യങ്ങള്‍ നടത്തുകയും ഒാഫിസ് ജോലികള്‍ മുഴുവന്‍ തീര്‍ക്കുകയും വേണം. കുട്ടികളുടെ പഠനയാത്ര, എന്‍എസ്എസ്, എഎസ്എപി, സൌഹൃദ ക്ളബ് തുടങ്ങിയവയൊക്കെ കാര്യക്ഷമമായി നടത്താന്‍ നേതൃത്വം കൊടുക്കണം. വിവിധ സ്കോളര്‍ഷിപ്പുകള്‍ സമയാസമയങ്ങളില്‍ കുട്ടികള്‍ക്കു ലഭ്യമാക്കണം. അധ്യാപകര്‍ അവധിയെടുത്താലും കോഴ്സിനു പോയാലും ഡിപ്പാര്‍ട്ടുമെന്റിന്റെ കാര്യങ്ങള്‍ക്കായി പോയാലും കുഴഞ്ഞുകിടക്കുന്ന ക്ളാസുകള്‍ കൈകാര്യം ചെയ്യണം. സിഇ മോണിറ്ററിങ് ശ്രദ്ധിക്കണം. ഒാപ്പണ്‍ സ്കൂള്‍ കുട്ടികള്‍ക്കുള്ള ഒാറിയന്റേഷന്‍ ടോയ്ലറ്റുകള്‍ വൃത്തിയായി സൂക്ഷിക്കേണ്ടതും ജലം സുലഭമായി ലഭിക്കുന്നുണ്ടെന്ന കാര്യം ഉറപ്പാക്കേണ്ടതുംവരെ പ്രിന്‍സിപ്പലിന്റെ കടമയാണ്. പലപ്പോഴും തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഒരുദിവസംപോലും അവധിയെടുക്കാന്‍ പറ്റാത്ത അവസ്ഥ.

പ്ലസ് ടുവില്‍ ഉള്ളതിനെക്കാള്‍ കുട്ടികള്‍ കുറവുള്ള ഹൈസ്കൂളുകളില്‍ ആവശ്യത്തിലേറെ ഒാഫിസ് സ്റ്റാഫ് ഉള്ളപ്പോള്‍ ഹയര്‍സെക്കന്‍ഡറിയില്‍ ഒരു പ്യൂണോ ക്ളാര്‍ക്കോ ഇല്ലാത്തതു ദയനീയാവസ്ഥ തന്നെയാണ്. ഇതിനു പരിഹാരം കണ്ടാല്‍ ഒരുപരിധിവരെ ഹയര്‍സെക്കന്‍ഡറി സ്കൂളുകള്‍ കൂടുതല്‍ മെച്ചപ്പെടുകയും പ്രിന്‍സിപ്പല്‍മാരുടെ മാനസിക പിരിമുറുക്കം കുറയുകയും ചെയ്യും. നല്ലവരായ ചില അധ്യാപകരുടെ സഹകരണം കൊണ്ടുമാത്രമാണ് എടുത്താല്‍ പൊന്താന്ത ഭാരം താങ്ങുന്ന പ്രിന്‍സിപ്പല്‍മാര്‍ക്കു സ്കൂള്‍ കാര്യങ്ങള്‍ വീഴ്ച കൂടാതെ നടത്താന്‍ കഴിയുന്നത്.